കാൽഗറി നിവാസികൾക്ക് വരും വർഷങ്ങളിൽ വസ്തുനികുതി ഭാരം കൂടിയേക്കുമെന്ന് സൂചന. സിറ്റി കൗൺസിൽ പുറത്തുവിട്ട നിർദ്ദിഷ്ട ബജറ്റ് രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 2027-2030 ബജറ്റ് കാലയളവിലേക്ക് തയാറാക്കിയ പ്രാഥമിക ബജറ്റ് രേഖ അനുസരിച്ച്, 7,06,000 ഡോളർ ശരാശരി മൂല്യമുള്ള വീടുകൾക്ക് അടുത്ത വർഷം 15 ശതമാനം വരെ നികുതി വർദ്ധനവുണ്ടായേക്കാം.
യുട്ടിലിറ്റി ഫീസുകളിലെ മാറ്റങ്ങൾ കൂടി കൂട്ടുമ്പോൾ, വീടുടമകൾ പ്രതിമാസം ശരാശരി 52 ഡോളർ അധികമായി നൽകേണ്ടി വരും. തുടർന്നുള്ള വർഷമിത് മാസം 56 ഡോളറായി ഉയരാനും സാധ്യതയുണ്ട്. പണപ്പെരുപ്പം, ജനസംഖ്യാ വർദ്ധനവ്, പഴകിയ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നിവ കണക്കിലെടുത്ത് നികുതി വരുമാനം കൂട്ടാതെ മറ്റ് വഴികളില്ലെന്നാണ് സിറ്റി ഉദ്യോഗസ്ഥരുടെ നിലപാട്.
എന്നാൽ, ഈ കണക്കുകൾ അവസാന വട്ട തീരുമാനമല്ലെന്നും നവംബറിൽ നടക്കുന്ന ബജറ്റ് ചർച്ചകൾക്ക് ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്നും മേയർ ജെറോമി ഫാർകാസ് വ്യക്തമാക്കി. മുൻ വർഷങ്ങളിലും തുടക്കത്തിൽ ഉയർന്ന നിരക്കുകൾ നിർദ്ദേശിച്ച ശേഷം പിന്നീട് കാര്യമായി കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പോലീസ്, ഫയർ സർവീസ്, അവശ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായിരിക്കും മുൻഗണനയെന്നും അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടി വരുമെന്നും മേയർ കൂട്ടിച്ചേർത്തു.
നികുതി വർദ്ധനവ് നാല് ശതമാനത്തിൽ താഴെയാക്കിയാൽ നഗരത്തിലെ സേവനങ്ങളുടെ ഗുണനിലവാരം കുറയുമെന്നും, 4.2 ശതമാനമാണെങ്കിൽ നിലവിലുള്ള സേവനങ്ങൾ തുടരാനാകുമെങ്കിലും വികസന പദ്ധതികളും അടിയന്തര സേവനങ്ങളുടെ വിപുലീകരണവും വൈകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബറിലാണ് അഡ്മിനിസ്ട്രേഷൻ സമ്പൂർണ്ണ ബജറ്റ് ഡ്രാഫ്റ്റ് കൗൺസിലിന് മുന്നിൽ അവതരിപ്പിക്കുക.